Renovation
Renovation
Posted on 26 Aug 2021

 ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്ര നവീകരണയജ്ഞം

കാലാതീതമായ ദേവീചൈതന്യം പ്രത്യക്ഷ സത്യമായി വിളങ്ങി നില്‍ക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ അഭയകേന്ദ്രമായി  നിലകൊളളുന്നു. പുഷ്ക്കരദ്വീപിലെ മഹാചൈതന്യം സമ്പൂര്‍ണ്ണമായി പ്രതിഫലിച്ചു കൊണ്ട് ശ്രീലകത്തുവിളങ്ങുന്ന അമ്മയെ ആശ്രയിക്കുന്ന എല്ലാ ഭക്തന്മാര്‍ക്കും അമ്മ സര്‍വ്വാഭീഷ്ടങ്ങളും സാധിച്ചുകൊടുത്തു കൊണ്ടിരിക്കുകയാണ്.. ഒരു കാലത്ത് ഘോരവനമായിരുന്ന ഈ പ്രദേശത്ത് സഞ്ചരിച്ചിരുന്ന ഒരു വേടന്‍ കയ്യിലിരുന്ന മഴുകൊണ്ട് ഒരു സര്‍പ്പത്തെ വെട്ടുകയും ചിതല്‍പ്പുറ്റിനു മുകളില്‍ കണ്ട സര്‍പ്പം പൊടുന്നനെ മറയുകയും
ചെയ്തുവത്രെ. സ്വയം പ്രത്യക്ഷീഭവിച്ച നാരദമുനി ചിതല്‍പ്പുറ്റിനുളളില്‍ ഉണ്ടായിരുന്ന ദേവിയുടെ വിഗ്രഹത്തെ കാട്ടീകൊടുക്കുകയും വേടകുടുംബം ദേവിയുടെ ഭക്തന്മാരാകുകയും ചെയ്തു. ഈ വേടകുടുംബം സാക്ഷാല്‍ ശിവകുടുംബം ആയിരുന്നു എന്നതാണ് ഐതീഹ്യം. മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതള്‍ വിരിഞ്ഞ ഈ ഐതീഹ്യപ്പെരുമയുടെ തണലും തണുപ്പുമായി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം ഇന്ന് ഭാരതത്തിലെ തന്നെ ഏറ്റവും പ്രമുഖ ആത്മീയകേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

   അടുത്തകാലത്ത് ദേവീപ്രീതിക്കായി നടത്തിയ അഷ്ടമംഗല്യപ്രശ്നത്തില്‍ ഉപദേവാലയങ്ങളുടെ പുനഃപ്രതിഷ്ഠയും, ക്ഷേത്രത്തിന്‍റെ അംഗോപാംഗങ്ങളായ ഗജമണ്ഡപം, നടപന്തല്‍, ഗോപുരം, നവരാത്രി മണ്ഡപം എന്നിവ പുതിയതായി നിര്‍മ്മിക്കുന്നതും ഉത്തരോത്തരം ദേവീ പ്രീതി ലഭിക്കുവാന്‍ ഉത്തമമായി കാണപ്പെട്ടു. ദര്‍ശന പുണ്യത്തോടൊപ്പം ഭക്തജനങ്ങള്‍ക്കും കൂടുതല്‍ ദേവീപുണ്യം ആര്‍ജീക്കുവാന്‍ ഇത് സഹായിക്കുമെന്നാണ് പ്രശ്നവിധി. ആയതിനാല്‍ ദേവപ്രശ്നത്തിന്‍റെ അടിസ്ഥാനത്തിലുളള വിപുലമായ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് ദേവസ്വം തുടക്കമിടുകയാണ്. ക്ഷേത്രസമുച്ചയത്തിന്‍റെ അതിവിപുലമായ ഈ നിര്‍മ്മാണ സംരംഭം സഫലീകരിക്കാന്‍ ജാതി മത ഭേദമന്യെ
എല്ലാ നല്ല ആളുകളുടെയും നിസ്സീമമായ സഹകരണം സവിനയം, ഭക്തിപൂര്‍വ്വം ദേവീനാമത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്. വിളിപ്പുറത്തമ്മയായ ചക്കുളത്തമ്മയുടെ അനുഗ്രഹം ഏവര്‍ക്കും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.  

 

Account Name : Chakkulathukavu Trust, A/c No: 626901006651 IFSC Code : ICIC0006269, Bank Name : ICICI Tiruvalla Branch